കേരളത്തിലെ ഡിഗ്രി സീറ്റുകള്‍ ആര്‍ക്കും വേണ്ടാതായോ?

356
1

2023-24 അധ്യയന വര്‍ഷത്തെ പ്രവേശനപ്രക്രിയകളെല്ലാം അവസാനിച്ചപ്പോള്‍ കേരളത്തിലെ മിക്ക കോളേജുകളിലും നിരവധി ഡിഗ്രി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിഞ്ഞു കിടക്കുന്ന ഭൂരിഭാഗം സീറ്റുകളും സയൻസ്, കൊമേഴ്സ് ബിരുദ കോഴ്സുകളിലാണ്. ഓരോ വര്‍ഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ധിക്കുകയാണ്.

സീറ്റ് ഒഴിഞ്ഞുകിടക്കുന്ന പ്രതിഭാസം കേരളത്തിലെ ഒട്ടുമിക്ക അഫിലിയേറ്റഡ് കോളേജുകളിലും കാണാൻ സാധിക്കുമെങ്കിലും, എം.ജി യൂണിവേഴ്സിറ്റിയിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷം. കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാൻ നിരവധി കാരണങ്ങളുണ്ട്. പ്രധാനപ്പെട്ട ചില കാരണങ്ങള്‍ പരിശോധിക്കാം.

ന്യൂ ജനറേഷൻ കോഴ്സുകളുടെ ആധിക്യം: സോഷ്യല്‍ സയൻസ് മേഖലയെ അപേക്ഷിച്ച് സയൻസ്, കൊമേഴ്സ് മേഖലയില്‍ നിരവധി ന്യൂ ജനറേഷൻ ബിരുദ കോഴ്സുകളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ആരംഭിച്ചത്. ഉദാഹരണത്തിന് സയൻസ് മേഖലയില്‍ ഫിസിക്സ്, ബയോളജി, മാത്സ് പോലെയുള്ള അടിസ്ഥാന വിഷയങ്ങള്‍ക്ക് പുറമേ ബയോകെമിസ്ട്രി, ബയോടെക്നോളജി, അപ്ലൈഡ് സയൻസ്, ബയോ ഇൻഫര്‍മാറ്റിക്സ്, ഫുഡ് സയൻസ്, ഹോം സയൻസ്, ന്യൂട്രീഷണല്‍ സയൻസ്, മൈക്രോബയോളജി, നാനോടെക്നോളജി, ഡേറ്റാ സയൻസ്, ഡേറ്റാ അനലിറ്റിക്സ് പോലെയുള്ള സ്പെഷ്യലൈസ്ഡ് വിഷയങ്ങളില്‍ തന്നെ നിരവധി കോളേജുകളില്‍ ബിരുദ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. കൊമേഴ്സ് മേഖലയിലാകട്ടെ, ബി.കോം കോപറേഷൻ, ബി.കോം ഫിനാൻസ്, ബി.കോം ടാക്സേഷൻ, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷൻ, ബി.കോം ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ് പോലെയുള്ള ബിരുദ കോഴ്സുകളും ആരംഭിച്ചു.
ന്യൂ ജനറേഷൻ കോഴ്സുകളുടെ പരാജയം: കേരളത്തില്‍ വലിയ പ്രതീക്ഷയോടെ ആരംഭിച്ച മിക്ക ന്യൂ ജനറേഷൻ കോഴ്സുകളും അമ്പേ പരാജയമാണ്. കോഴ്സ് കഴിഞ്ഞവര്‍ക്ക് നേരിട്ട് ജോലി (Direct Employability) കൊടുക്കാൻ സാധിക്കാത്തത് കൊണ്ടുതന്നെ ഈ കോഴ്സുകളെടുക്കാൻ വിദ്യാര്‍ഥികള്‍ ധൈര്യപ്പെടാത്തതാണ് പരാജയത്തിന് കാരണം. ഇതിനാല്‍ മിക്ക കോളേജുകളിലെയും ഇത്തരം കോഴ്സുകളിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
വിദ്യാഭ്യാസ കുടിയേറ്റം: വിദ്യാഭ്യാസ ലക്ഷ്യത്തോടെ കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മുമ്പ് പി.ജി, പി.ജി ഡിപ്ലോമ, പി.എച്ച്.ഡി കോഴ്സുകള്‍ക്കാണ് കൂടുതല്‍ പേര്‍ വിദേശത്തേക്ക് പോയിരുന്നതെങ്കില്‍, ഇന്ന് ബിരുദ കോഴ്സുകള്‍ക്ക് തന്നെ വിദേശത്തേക്ക് പോകുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.
CUET: രാജ്യത്തെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനത്തിന് വേണ്ടി നടത്തുന്ന പൊതുപരീക്ഷയായ സി.യു.ഇ.ടിയുടെ വരവും കേരളത്തിലെ കോളേജുകളിലെ അഡ്മിഷനെ ബാധിച്ചിട്ടുണ്ട്. സി.യു.ഇ.ടി പരീക്ഷ വഴി പ്രവേശനം ലഭിച്ചു എന്നതുകൊണ്ട് മാത്രം കേരളത്തിലെ കോളേജുകളുടെ അത്രപോലും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കാൻ തയ്യാറാകുന്നു.
കാലഹരണപ്പെട്ട കരിക്കുലം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സിലബസ് കാലഹരണപ്പെട്ടതാണെന്ന് മുമ്പേ തന്നെ വിമർശനമുണ്ട്. സമയാസമയം പരീക്ഷകള്‍ നടത്തുന്നതിലേക്ക് കേരളത്തിലെ മിക്ക യൂണിവേഴ്സികളുടെയും പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ കാലാനുസൃതമായ മാറ്റം കരിക്കുലത്തിലോ, അക്കാദമിക വികസനത്തിലോ കൊണ്ടുവരാൻ യൂണിവേഴ്സിറ്റികള്‍ പരാജയപ്പെട്ടു. വര്‍ഷംതോറും സാങ്കേതിക വിദ്യയില്‍ പുതിയ അപ്ഗ്രേ‍ഡേഷൻ സംഭവിക്കുന്ന സയൻസ് വിഷയങ്ങളുടെ സിലബസുകള്‍ പോലും 1990കളിലേതില്‍ നിന്ന് വലിയ മാറ്റമില്ല എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്.
റിസൾട്ട്: പരീക്ഷ കഴിഞ്ഞ് അധികം വൈകാതെ തന്നെ റിസൾട്ട് പ്രഖ്യാപിക്കുക എന്ന സംവിധാനത്തിലേക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികളൊന്നും എത്തിയിട്ടില്ല (ഓട്ടോണോമസ് കോളേജുകള്‍ ഇതിനപവാദമാണെന്നത് എടുത്തു പറയേണ്ടതാണ്).
പ്ലേസ്മെന്റ്: കേരളത്തിലെ സർവ്വകലാശാലകളും, ഒട്ടുമിക്ക കോളേജുകളും അവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് ഉറപ്പാക്കുന്നതിന് പ്രാമുഖ്യം നൽകുന്നില്ല.
തൊഴിൽക്ഷമത (Employability): രാജ്യത്തെ ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമാണെങ്കിലും കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് (8.9%) ദേശീയ നിരക്കിനേക്കാൽ ഇരട്ടിയാണ്. ഡിഗ്രി പോലെയുള്ള പരമ്പരാഗത കോഴ്സുകൾക്ക് പകരം കോഴ്സ് കഴിഞ്ഞയുടൻ തൊഴിൽക്ഷമത നൽകുമെന്ന് വിശ്വസിക്കുന്ന പാരാമെഡിക്കൽ കോഴ്സുകളൊക്കെയാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ പ്രിയം.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി സർക്കാർ നിയമിച്ച മൂന്ന് കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ 2022ൽ സമർപ്പിച്ചിരുന്നു. പ്രൊഫ. ശ്യാം. ബി. മേനോൻ ചെയർമാനായ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ, പ്രൊഫ. എന്‍. കെ. ജയകുമാർ ചെയർമാനായ സർവ്വകലാശാലാനിയമ പരിഷ്കരണ കമ്മീഷൻ, പ്രഫ. സി ടി അരവിന്ദകുമാർ ചെയർമാനായ പരീക്ഷാപരിഷ്കരണ കമ്മീഷൻ എന്നീ കമ്മീഷനുകളാണ് ഇടക്കാല റിപ്പോർട്ടുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സാക്ഷരതാ നിരക്കും മാനവ വികസന സൂചികയിൽ മികച്ച പെര്‍ഫോര്‍മൻസ് കാഴ്ച വെക്കുന്നതും കേരളത്തെ ഒരു എഡ്യൂക്കേഷൻ ഹബ്ബാക്കാൻ നല്ല അവസരമാണ് നമുക്ക് തുറന്നു തരുന്നത്. കരിക്കുലത്തിലും അടിസ്ഥാന സൗകര്യങ്ങളിലും യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനങ്ങളിലുമൊക്കെ കാലികമായ മാറ്റം സാധ്യമാക്കിയാൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതോടൊപ്പം തന്നെ ഭാവിയിൽ കേരളത്തെ ഒരു എഡ്യൂക്കേഷൻ ഹബ്ബാക്കി മാറ്റാനും നമുക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

One thought on “കേരളത്തിലെ ഡിഗ്രി സീറ്റുകള്‍ ആര്‍ക്കും വേണ്ടാതായോ?

  1. Thanks for sharing. I read many of your blog posts, cool, your blog is very good.