ഒരു നമസ്കാരത്തിന് ആയിരം നമസ്കാരത്തിൻ്റെ പ്രതിഫലമുള്ള, പ്രവാചകൻ്റെ പ്രബോധന ജീവിതത്തിന്റെ നാഴികക്കല്ലായ മസ്ജിദുന്നബവി… മസ്ജിദുന്നബവിയുടെ അകം,പുറം കാഴ്ചകൾ മനം കുളിർക്കെ ആസ്വദിക്കാൻ സാധിച്ചു, കേട്ട് കേൾവിയും വായനാനുഭവവും ചേർത്ത് വായിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം വിവരിക്കുവാൻ കഴിയില്ല. നബിക്കും(സ) അബൂബക്കർ, ഉമർ (റ) എന്നിവർക്ക് ഞാനെന്റെ ഹൃദയത്തിൽ നിന്നും സലാം കൈമാറി. റൗദ ശരീഫയിൽ നമസ്കരിക്കാൻ അനുമതി കിട്ടിയില്ല, അതൊരു കടമായി ഉള്ളിലുള്ളത് പോലെ. സംസമിൻ്റെ രുചി അനുഭവിച്ചു, വയർ നിറയുവോളം കുടിച്ചു.
മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ചങ്ങാതി സഹലിന്റെ കൂടെ ലോകപ്രശസ്തമായ രണ്ട് യൂണിവേഴ്സിറ്റികൾ സന്ദർശിച്ചു, മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റി, തൈബ യൂണിവേഴ്സിറ്റി കൂടാതെ മറ്റുചില ചരിത്രം സ്ഫുരിക്കുന്ന സ്ഥലങ്ങളും, എന്റെ മയ്യിത്ത് കുളിപ്പിക്കേണ്ടത് ഘിർസ് കിണറിലെ വെള്ളം കൊണ്ടാണ് എന്ന് നബി പറഞ്ഞ കിണർ കണ്ടു, നബിയോട് അല്ലാഹു നമസ്കരിക്കാൻ കൽപ്പിച്ച വാദി അകീക്ക് കണ്ടു, ലോകത്തിൻ്റെ നാനാ ദിക്കിലേക്ക് ഖുർആൻ അച്ചടിക്കുന്ന പ്രിന്റിംങ് പ്രസ് സന്ദർശിച്ചു.
റസൂലിന്റെ ഹൃദയം വല്ലാതെ വേദനിച്ച, ഹംസ, മിസ്അബ് (റ) തുടങ്ങിയ 70 സ്വഹാബികൾ രക്തസാക്ഷിത്വം വരിച്ച ഉഹ്ദിൻ്റെ വീരചരിതം നേർകാഴ്ച പോലെ ആ മലകളെ നോക്കി ഞാനോർത്തെടുത്തു. ഏഴ് പള്ളിയിലെത്തിയപ്പോൾ ഖൻദഖിലേക്ക് എന്റെ ചിന്ത കടന്നുപോയി, പേർഷ്യക്കാരനായ സൽമാനുൽ ഫാരിസി മുന്നോട്ട് വെച്ച കിടങ്ങ് കുഴിച്ചുള്ള യുദ്ധതന്ത്രം വിജയം കണ്ട ഖൻദഖ്, പട്ടിണിയിൽ ചോരാത്ത സ്വഹാബികളുടെ ഈമാനിന്റെ ആവേശം നമുക്ക് പറഞ്ഞുതരുന്നു. ഹിജ്റക്കിടയിലാണ് റസൂൽ ആദ്യമായി ഒരു പള്ളി നിർമിക്കുന്നത്, ബനൂഅംറ് ഗോത്രത്തിലെ 3 ദിവസത്തെ താമസകാലത്ത് കുബായിൽ പണിത പള്ളിയിലേക്ക് മദീനാപള്ളിയിൽ നിന്നും വാഹനത്തിലും നടന്നും ശനിയാഴ്ചകളിൽ റസൂൽ എത്താറുണ്ടായിരുന്നു. ഈ യാത്രയിൽ കുബ പള്ളിയിലെ സന്ദർശനവും മനസ്സിന് ഏറെ സന്തോഷം പകർന്നു.

റസൂലിന്റെ ജീവിതത്തിലെ അപൂർവമായ പല എടുകളും ഓർത്തെടുക്കാൻ പാകത്തിൽ മദീന പള്ളിയിലെ കാഴ്ചകൾ കരളലിയപ്പിക്കുന്നതാണ്. മസ്ജിദുനബവിയുടെ Gate 22 ആണ് ബൈറൂഹ തോട്ടം ഉണ്ടായിരുന്ന സ്ഥലം എന്ന് അറിഞ്ഞപ്പോൾ അബൂ തൽഹ (റ) കണ്ണിലും കൽബിലൂം എത്തി, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കടബാധ്യത അലട്ടുന്ന വിഷമങ്ങൾ പടച്ചവനോട് പറയുന്ന അബൂ ഉമാമയെ ആശ്വസിപ്പിക്കുന്ന റസൂലിനെ ഞാനവിടെ അനുഭവിച്ചു. അങ്ങനെ ഒരുപാട് ഒരുപാട് ഓർമ്മകൾ അയവിറക്കി മദീനയെ ഞാൻ യാത്രയാക്കി, ഇനിയുമേറെ തവണ കാണാനും തീബത്ത് തയിബ (നല്ല മണ്ണ്) എന്ന് വിളിക്കപ്പെടുന്ന ഈ ഭൂമികയിൽ കാല് പതിക്കാനും ഭാഗ്യം ഉണ്ടാവണേ എന്നൊരു പ്രാർത്ഥന മാത്രം..