വരാന്തയിൽ ഇരുന്ന് അവൻ എന്തോ പണിപ്പെട്ട പണിയിലാണ് .”മോനെ നീ എവിടെ ..”വീടിന്റുള്ളിൽ നിന്ന് ഉമ്മ വിളിക്കുന്നുണ്ട്.കയ്യിൽ എന്തോ ഇറുക്കിപിടിചുക്കൊണ്ട് ആ നാല് വയസ്സുക്കാരൻ ഉമ്മാന്റെ അടുത്തേക്ക് ചെന്നു.മുറുക്കിപിടിച്ച കൈകള്‍ക്കുള്ളിൽ എന്താണ് എന്ന ചോദ്യത്തിന് അവൻ ആ കുഞ്ഞുകൈകൾ തുറന്നുകാണിച്ചു.നിറയെ ചത്ത ഉറുമ്പുകൾ. വരാന്തയിൽ അപ്പോൾ അതായിരുന്നു പണി .വരിവരിയായിപോയ്ക്കൊണ്ടിരുന്ന കുഞ്ഞുറുമ്പുകളെ കൊന്നുകൊണ്ടിരിക്കുകയായിരുന്നു അവൻ.
ഉമ്മ അവന്റെ കൈകഴുകി ഉള്ളിലേക്ക് കൊണ്ടുപോയി.ഉമ്മ മകനെ ശകാരിചില്ല .അവനെയും കൂട്ടി കൊണ്ട് ഉമ്മ കോഴിക്ക് തീറ്റകൊടുത്തു .
ഉമ്മ ഉച്ചയ്ക്ക് അവന് ചോറുവാരികൊടുക്കുമ്പോൾ ഒരു കഥ പറഞ്ഞുകൊടുത്തു .
“ഒരു ദേശത്ത് ഒരു നല്ല മനുഷ്യൻ ജീവിച്ചിരുന്നു.എല്ലാവർക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു.എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും സഹായിക്കുകയും ,ചെറിയവരോടും മൃഗങ്ങളോടും കരുണ കാണിക്കുന്നവനും,മുതിര്‍ന്നവരെ ബഹുമാനിക്കുന്നവനും ആയിരുന്നു അദ്ദേഹം .
ഒന്നിനെയും ആരെയും ഉപദ്രവിക്കാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ഒരു ദിവസം മറ്റൊരാൾ സമ്മാനമായികൊണ്ട് അദ്ദേഹത്തിന് ഒരു നല്ല ഭംഗിയുള്ള പക്ഷികുഞ്ഞുങ്ങളെ നൽകി. അദ്ദേഹം അവരോട് പുഞ്ചിരിച്ച്കൊണ്ട് പറഞ്ഞു. ‘ഈ പക്ഷികുഞ്ഞിനെ കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ കുഞ്ഞിനെ കാണാത്തത് കൊണ്ട് പക്ഷികുഞ്ഞിന്റെ അമ്മ കരയുന്നുണ്ടാവില്ലേ.കുഞ്ഞിനെ ആ കൂട്ടിൽ നിന്നെടുക്കുമ്പോൾ തള്ളപക്ഷി വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു,ആ തള്ളപക്ഷിയുടെ അടുത്തേക്ക് തന്നെ ഈ കുഞ്ഞുങ്ങളെ എത്തിക്കൂ.. .’ കാരുണ്യം വിതറികൊണ്ട് അദ്ദേഹം ആ പക്ഷികുഞ്ഞിനെ തന്റെ അമ്മയുടെ അടുത്തേക്ക് പറത്തിവിട്ടു..
ആ നല്ല മനുഷ്യൻ ആരായിരുന്നു എന്ന് അറിയാമോ നമ്മുടെ പ്രവാചകൻ മുഹമ്മദ് (സ )ആയിരുന്നു .”
കാരുണ്യത്തിന്റെ കഥ ആ പിഞ്ചുമനസിൽ അപ്പോഴേക്കും ആഴത്തിൽ പതിഞ്ഞു .ഈ ഭൂമി മനുഷ്യർക്കു മാത്രമല്ല ,മറ്റു ജീവജാലങ്ങൾക്ക് കൂടിയാണെന്ന് അവന്റെ ചുറ്റുപാട് അവനെ പഠിപ്പിച്ചു .
വീട്ടിലെ വിറകുപുരയിൽ താമസമാക്കിയ തള്ളപൂച്ചയും കുഞ്ഞുങ്ങളും,കുഞ്ഞുറുമ്പുകളും അവന്റെ കൂട്ടുക്കാരായി.ഇന്നത്തെ കാലത്ത് പട്ടിയെ വണ്ടിയുടെ പുറകിൽ കെട്ടി ഉപദ്രവിക്കുന്ന മനുഷ്യർക്കിടയില്‍ ആ ഉമ്മ തന്റെ മകന് കാരുണ്യത്തിന്റെ ഉറവിടം ഹൃദയത്തിൽ പതിപ്പിച്ചു.