തക്ബീർ ധ്വനികളെ നിശബ്ദമാക്കിക്കൊണ്ട് വലിയ ശബ്ദങ്ങൾ അങ്ങിങ്ങായി കേൾക്കുന്നുണ്ട്. പടച്ചവൻ പേമാരിയോടൊപ്പം മിന്നിച്ചുവിട്ട ഇടിയൊന്നും അല്ല അത്. കുട്ടികളും മുതിർന്നവരും പൂത്തിരിയും പടക്കങ്ങളും ഒക്കെയായ് പെരുന്നാൾ രാവ് ജോറാക്കിയതും അല്ല. പതിവ് പോലെ മുതലാളിമാർ അയച്ച ഷെല്ലുകൾ ലക്ഷ്യം തെറ്റാതെ നിലംപതിച്ചതാണ്. പള്ളികളിലെ ഉച്ചഭാഷിണിയിൽ അതിജീവിക്കുന്ന മുറിഞ്ഞ തക്ബീർ വാചകങ്ങൾക്ക് മറുപടി ആയ് നിലവിളികൾ ഉയരുന്നു. കൈവെള്ളയിൽ മൈലാഞ്ചി ചോപ്പ് പോലെ ചിതറിയ രക്തക്കറകൾ കാണാം. തകർന്ന മേൽക്കൂരയുടെ മുകളിൽ മാസങ്ങളോളം മാറാത്ത ഉടുപ്പിട്ട് ആളുകൾ ഈദ്ഗാഹിന് ഒരുങ്ങുകയാണ്. പുതുക്കിപ്പണിയാൻ പൊളിച്ച് മാറ്റിയതാണെന്ന് ഉമ്മയും ഉപ്പയും പറഞ്ഞതിനാലാവണം കുഞ്ഞുങ്ങളുടെ പൊടിപുരണ്ട മുഖത്തും പ്രതീക്ഷയുടെ നേർത്ത പുഞ്ചിരി കാണാം.
വെടിയൊച്ചകളും ഷെല്ലാക്രമണങ്ങളും ഊഴമനുസരിച്ചപ്പോഴും താളപ്പിഴവുകളില്ലാതെ പ്രതീക്ഷകളുടെ കൈകളുയത്തി അവർ റബ്ബിനോട് തേടിക്കൊണ്ടിരുന്നു. ഉറ്റിവീഴുന്ന കണ്ണുനീർ തുള്ളികൾ ഒപ്പിക്കൊടുക്കാൻ ചുറ്റും ഓടിക്കളിക്കുന്ന കുട്ടികൾ മത്സരിച്ചു. ആകാശത്ത് നിന്ന് വീഴുന്ന തീപ്പൊരിയിൽ വെന്തുപോയ മക്കളെ അവർ ഓർക്കുന്നുണ്ടാകണം. കഠിനമായ പരീക്ഷണത്തിൽ നിന്ന് താൽക്കാലികമായി തിരികെ നൽകിയ പൊടിജീവനുകളെ ഓരോ തവണയും ആ ഉമ്മബാപ്പമാർ മാറിമാറി ഉമ്മവെച്ചു. നിസ്സഹായരായ രക്ഷിതാക്കളുടെ പെരുന്നാൾ സമ്മാനം. കവിളത്ത് കിട്ടിയ ഒരോ പെരുന്നാൾ സമ്മാനവും ആ കുഞ്ഞുമുഖങ്ങളിൽ അംഗീകാരത്തിന്റെ പൂത്തിരി തെളിയിചു. സ്നേഹം നിറഞ്ഞ രക്ഷാകർതൃത്ത്വത്തിനെ സംരക്ഷണത്തിൽ പൈതങ്ങൾ നെഞ്ച് നിവർത്തി നിന്നു. പൊടുന്നനെ അലർച്ചകൾ കേൾക്കുന്നു. കാഴ്ചയുടെ ഒരറ്റത്ത് കത്തിക്കരിഞ്ഞ സ്വപ്നങ്ങളുടെ ചിതയിൽ നിന്ന് പുക ഉയരുന്നുണ്ട്. അതെ അത് തന്നെ.ശബ്ദത്തിന്റെ കാഠിന്യത്തിൽ കണ്ണും കാതും അടച്ച താമസം കൊണ്ട് എല്ലാം കറുത്തിരിക്കുന്നു. പാതികരിഞ്ഞ മുസല്ലയിൽ അവർക്ക് മുഴുമിപ്പിക്കാനാവാത്ത പ്രാർത്ഥനകൾ എന്റെ ഖൽബിൽ ഞാൻ ആവർത്തിച്ചു. സംരക്ഷണ കവചത്തിനോട് വിശ്വാസം നഷ്ടപ്പെട്ട പോലെ പിഞ്ചുകുഞ്ഞുങ്ങൾ ലക്ഷ്യമില്ലാതെ ചിതറി ഓടി. പരസ്പരം വ്യക്തമായി കാണാത്ത ആ പുകമയത്തിൽ ഒളിച്ച് കളി ആണിതെന്ന് അവർ കരുതിയിരിക്കും.
ഓട്ടം നിലച്ചിട്ടില്ല. ശബ്ദങ്ങളും പൊട്ടിത്തെറികളും പൂർണ ഊർജത്തോടെ തുടരുന്നുണ്ട്. തക്ബീർ ധ്വനികൾ ആ ശബ്ദങ്ങളെ മറികടക്കാൻ അപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. വെടിമരുന്നിന്റെ ഗന്ധം മൂക്കിലേക്ക് മത്സരിച്ച് കയറുന്നു. പ്രകമ്പനം വീണ്ടും ശക്തി കൂടുന്നു. ഇറങ്ങാം, സമയമായ്,. ഞാൻ പുറത്തിറങ്ങി. കുറചകലെ നിന്ന് ഒരു പിഞ്ചുകുഞ്ഞ് ഓടി വന്ന് എന്റെ കയ്യിലേക്കൊരു മുസല്ല വെച്ച് തന്നു. പ്രതീക്ഷയുടെ ജീവൻ കൊണ്ട് എങ്ങോട്ടെന്നില്ലാതെ പായാൻ നിക്കുമ്പോ ആ കുഞ്ഞിന്റെ നിർഭയത്വം എന്നെ അതിശയിപ്പിച്ചു. പ്രതീക്ഷയുടെയും പ്രതിരോധ ത്തിന്റെയും വിശ്വാസ ത്തിന്റെയും പെരുന്നാൾ സമ്മാനം. കവിൾ കൈവെള്ളയിലൊതുക്കി ഞാനവനെ ചുമ്പിച്ചു. അവനെന്നോട് എന്തോ പറയാൻ വാക്കെടുത്തു.
“ഇത്താത്താ എഴുന്നേൽക്കുന്നില്ലെ… എന്തൊരൊറക്കാണ്. ആ മൈലാഞ്ചി മുഴുവൻ തലേണയിൽ ആക്കിയല്ലോ ഇങ്ങള്”. ഞാൻ കണ്ണ് തുറന്നു. ചുറ്റും ഒന്നും സംഭവിച്ചിട്ടില്ല. അടുക്കളയിൽ പാത്രങ്ങൾ പരസ്പരം മത്സരിക്കുന്ന ശബ്ദമുണ്ട്. അതിനെ പിന്നിലാക്കികൊണ്ട് പള്ളിയിലെ തക്ബീർ വ്യക്തമായി കേൾക്കാം. ഏത് വസ്ത്രം ധരിക്കണമെന്ന ആശങ്കയിൽ അനിയത്തി അലമാരക്ക് മുൻപിൽ ശങ്കിച്ച് നില്പുണ്ട്. “ബിരിയാണി മാത്രം പോര, സമീറിന് കരിച്ചതും പൊരിച്ചതും രണ്ട് തരം എന്തായാലും വേണം.എന്നാളെ ഓന് ചോർ അങ്ങട്ടിറങ്ങുള്ളൂ. ” ഉമ്മ ഒരു പൊടിക്ക് അഹങ്കാരത്തോടെ എളാമനോട് പറയുന്നു. പുതിയ ഉടുപ്പും പുത്തൻ മാലയും വളയും പാകറ്റിൽ തന്നെ സൂക്ഷിച്ച പുതിയ ചെരുപ്പും മുന്നിൽ വെച്ച് കുളിച് ശമ്മീസ് മാത്രമിട്ട് ചെറിയ അനിയത്തി മാറ്റാനായോ ഉമ്മാ എന്ന് വിളിച് ചോദിക്കുന്നുണ്ട്. ഉമ്മ അവളോട് എന്തോ പറയുന്നു.
പള്ളിയിൽ പോണം. മുഖം കഴുകാൻ നിവർത്തിയ കൈകളിലെ മൈലാഞ്ചി ചോപ്പ് പടർന്ന രക്തക്കറകൾ പോലെ എനിക്ക് അനുഭവപ്പെട്ടു. ഓടിവന്ന ആ പിഞ്ചുകുഞ്ഞിന്റെ കവിളത്ത് പെരുന്നാൾ സമ്മാനം നൽകിയത് ഇപ്പോഴും തലയിണയിൽ വ്യക്തമായി കാണാം. രാത്രി മൈലാഞ്ചിയിടാൻ അനിയത്തിക്ക് കൈനീട്ടി കൊടുത്ത് കിടന്നതാണ്. മറ്റേ കയ്യിൽ എഫ് ബിയിലെ ന്യൂസും വായിക്കുന്നുണ്ടായിരുന്നു. രാവിലെ അനിയത്തിയുടെ വിളിയിൽ ആയിരുന്നു കണ്ണ്‌തുറന്നത്. ഏതോ ഒരു ലോകത്ത് നിന്ന് പെട്ടെന്ന് മാറിയതിന്റെ പരിഭ്രാന്തിയിൽ കുറച് നേരം സ്തംഭിച്ചുനിന്നു. ഉറക്കത്തിൽ കണ്ട കാഴ്ചകളെ അത് പോലെ ഓർത്തെടുക്കാൻ പിന്നീട് എത്ര ശ്രമിച്ചിട്ടും എനിക്കായില്ല. വല്ലാത്ത നിരാശ തോന്നി അപ്പോൾ. ഈദ്ഗാഹിലെ ഇമാമിന്റെ പ്രാർത്ഥനയിൽ യുദ്ധമുഖത്ത് പെരുന്നാൾ കഴിചുകൂട്ടുന്ന ആളുകളെ സ്മരിച്ചപ്പോൾ ഞാൻ കണ്ട സ്വപ്നം പാതി തെളിഞ്ഞപോലെ തോന്നി. പരീക്ഷണങ്ങളെ പ്രാർത്ഥനകൾ കൊണ്ട് കീഴടക്കാൻ പരിശീലിച്ച പിഞ്ചുകുഞ്ഞടക്കം അടിയുറച്ച വിശ്വാസം കൊണ്ട് പ്രതിരോധം തീർക്കുന്ന യുദ്ധമുഖത്തെ പതിനായിരക്കണക്ക് ആളുകളെ ഞാൻ ഓർത്തു. ജന്നാത്തിൽ ഫിർദൗസിൽ അവരോട് മത്സരിക്കാൻ നമുക്ക് എന്താണ് ഉള്ളത്. രണ്ട് പെരുന്നാൾ കോടിയുടെ പൊലിവ് കൂട്ടുകാരികളോട് പറയുകയാണ് അനിയത്തി.
“ബിരിയാണി മാത്രം പോര, സമീറിന് ചോറിറങ്ങണമെങ്കിൽ കരിച്ചതും പൊരിച്ചതും രണ്ട് തരം വേണം. പിന്നെ പെരുന്നാൾ പായസം ഫർദാണല്ലോ..” ഉമ്മ ആവർത്തിച്ചു.
എനിക്ക് ലജ്ജ തോന്നി.;