പ്രസിദ്ധമായ യർമൂഖ് യുദ്ധഭൂമി… പുകൾപ്പെറ്റ റോമാ സാമ്രാജ്യത്തെ അതിസാഹസികമായി പരാജയപ്പെടുത്തി മുസ്ലിംകൾ വെന്നിക്കൊടി പാറിച്ച സന്ദർഭം. രണാങ്കണത്തിൽ മൂന്ന് പ്രമുഖ സ്വഹാബിമാർ ഗുരുതരമായ പരിക്കുകളോടെ മരണത്തോട് മല്ലിടുകയാണ്. ഇക് രിമതുബ്ന് അബീജഹൽ, ഹാരിസ്ബ്ന് ഹിശാം, അയ്യാശുബ്ന് അബീറബീഹ.
ഒരു മുറുക്ക് ദാഹജലത്തിന് വേണ്ടി അവർ വല്ലാതെ കൊതിച്ചു. അവരുടെ അടുത്തേക്ക് വെള്ളവുമായി ഒരാൾ വന്നു. ആദ്യം വെള്ളവുമായി പോയത് ഹാരിസ് (റ) ന്റെ അടുത്തേക്കാണ്. അദ്ദേഹം വെള്ളം കുടിക്കാൻ തുനിയുമ്പോൾ ഇക് രിമ(റ) യുടെ ദയനീയ മുഖം കണ്ടു. ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ വെള്ളപാത്രവുമായി ഇക് രിമയുടെ അടുത്തേക്ക് പോകാൻ ഹാരിസ് നിർദേശിച്ചു. ഇക് രിമ വെള്ളം വായിലേക്ക് അടുപ്പിക്കുമ്പോൾ അയ്യാശ് (റ) ന്റെ നിലവിളി കേട്ടു. ഉടനെ അയ്യാശിന്റെ അടുത്തേക്ക് ചെല്ലാൻ വെള്ളക്കാരനോട് നിർദേശിച്ചു. വെള്ളവുമായി എത്തിയപ്പോഴേക്ക് അയ്യാശ് (റ) ഇഹലോകം വെടിഞ്ഞിരുന്നു. വെള്ളക്കാരൻ ഉടൻതന്നെ ഹാരിസിന്റെയും ഇക് രിമയുടെയും അടുത്തെത്തിയപ്പോഴേക്കും അവരും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
മരണക്കിടക്കയിൽ പോലും തന്നെക്കാൾ തന്റെ സഹോദരങ്ങളുടെ ക്ഷേമം ആഗ്രഹിച്ചിരുന്ന ഈ സ്വഹാബിമാർ നമുക്കെല്ലാം മാതൃകയാണ്. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ് എന്ന നബിവചനത്തിന്റെ ഉത്തമോദാഹരണങ്ങളായിട്ടാണ് അവർ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്.