നബി(സ്വ)യുടെ സദസ്സിലേക്ക് ധൃതിയില്‍ കടന്നുവരുന്ന വ്യക്തിയെ ദൂരെനിന്ന് തന്നെ തിരിച്ചറിഞ്ഞ നബി (സ്വ) സദസ്യരോട് പറഞ്ഞു “അടുത്തതായി ഈ സദസ്സിലേക്ക് കടന്നുവരുന്ന വ്യക്തി സ്വര്‍ഗാവകാശികളില്‍ ഒരാളാണ്”. ആ സൗഭാഗ്യവാനാരാണെന്ന് സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നവര്‍ക്കിടയിലേക്ക് കടന്നുവന്നത് മറ്റാരുമായിരുന്നില്ല, ‘ശൂരനായ സിംഹം’ സാക്ഷാല്‍ സഅദ് ഇബ്നു അബീവഖാസ് (റ) ആയിരുന്നു.
ആരാണീ ശൂരനായ സിംഹം? പതിനേഴാം വയസ്സില്‍ തന്നെ ഇസ്ലാമാശ്ലേഷിച്ച പക്വമതി, പ്രാര്‍ത്ഥനയ്ക്ക് ഉടനടി ഉത്തരം ലഭിക്കുന്ന പടച്ചവന്റെ ഇഷ്ട അടിമ, ബദ്ര്‍, ഉഹ്ദ് തുടങ്ങി നബി (സ്വ) നയിച്ച എല്ലാ യുദ്ധത്തിലും പങ്കെടുത്ത യോദ്ധാവ്, നബി(സ്വ) സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിച്ചവരില്‍ പ്രധാനി, പേര്‍ഷ്യക്കാര്‍ക്കെതിരെയുള്ള നിര്‍ണായകമായ ഖാദിസിയ്യ യുദ്ധത്തില്‍ മുസ്ലിംകളുടെ നായകത്വം ഉമര്‍ (റ) ഏല്പിച്ച കൈകള്‍.
സ്വര്‍ഗാവകാശിയാക്കിയ കര്‍മ്മങ്ങള്‍ തനിക്കും പഠിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട അംറ്ബ്നുല്‍ ആസ്വിന് സഅദ് നല്‍കിയ മറുപടി ഇങ്ങനെയാണ് “പൊതുവെ നമ്മള്‍ ചെയ്യാറുള്ള കര്‍മ്മങ്ങള്‍ക്കുപരിയായി പ്രത്രേക കര്‍മ്മങ്ങളൊന്നും ഞാന്‍ ചെയ്യാറില്ല. എന്നാല്‍ ഒരു വ്യക്തിയോട് പോലും ഞാന്‍ വിദ്വേഷമോ വെറുപ്പോ മനസ്സില്‍ കാത്തുസൂക്ഷിക്കാറില്ല”.
ഇസ്ലാമിലേക്ക് കടന്നുവന്ന സഅദി(റ)ന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത് അവിശ്വാസിയായ ഉമ്മയില്‍ നിന്നായിരുന്നു. തന്റെ മകന്‍ ഇസ്ലാം ഉപേക്ഷിക്കുന്നത് വരെ ജലപാനീയങ്ങള്‍ കഴിക്കില്ലായെന്ന് ആ വൃദ്ധ ശപഥം ചെയ്തു. ദിവസങ്ങള്‍ പിന്നിട്ട ഉപവാസം കാരണം മെലിഞ്ഞ് അവശയായ ഉമ്മയോട് സഅദ് (റ) തന്റെ അചഞ്ചലമായ നിലപാട് പറഞ്ഞു “ഉമ്മാ, ഉമ്മയോട് എനിക്ക് ഒരുപാട് സ്നേഹമുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഞാന്‍ സ്നേഹിക്കുന്നത് അല്ലാഹുവിനെയും അവന്റെ റസൂലിനെയുമാണ്. അല്ലാഹുവാണെ സത്യം, നിങ്ങള്‍ക്ക് ആയിരം ആത്മാവ് ഉണ്ടായിരിക്കുകയും അത് ഓരോന്നോരോന്നായി ഇല്ലാതാക്കിയാലും ഞാന്‍ എന്റെ മതത്തില്‍ നിന്ന് പിന്‍വാങ്ങുകയില്ല”. തന്റെ മകനെ യാതൊരു പ്രലോഭനം കൊണ്ടും പഴയ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ഉമ്മാക്ക് ഉപവാസത്തില്‍ നിന്ന് പിന്തിരിയേണ്ടി വന്നു.
സഅദിന്റെ സഹോദരന്‍ ഉമൈറും സഅദിനെപ്പോലെ ധീരനായിരുന്നു. ബദ്ര്‍ യുദ്ധസമയത്ത് നന്നേ ചെറുപ്പമായിരുന്ന ഉമൈറിനോട് യുദ്ധത്തില്‍ പങ്കെടുക്കാതെ മടങ്ങിപ്പോവാന്‍ നബി(സ്വ) നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സങ്കടംകൊണ്ട് കരഞ്ഞ ഉമൈറിനെ കണ്ട് അലിവ് തോന്നിയ നബി തങ്ങള്‍ അവസാനം യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. അങ്ങനെ ഇരു സഹോദരന്മാരും ആവേശപൂര്‍വ്വം യുദ്ധത്തില്‍ പങ്കെടുത്തു. എന്നാല്‍ ബദ്ര്‍ രണാങ്കണത്തില്‍ നിന്ന് സഅദ് മാത്രമേ തിരിച്ചുപോന്നുള്ളൂ. മരണംവരെ മുശ്രിക്കുകളോട് പടവെട്ടി ഉമൈര്‍ ശഹീദായി.
ഉഹ്ദ് യുദ്ധത്തില്‍ നബിയും വിരലിലെണ്ണാവുന്ന സ്വഹാബിമാരും മാത്രം മുസ്ലിംപക്ഷത്ത് ഉറച്ചുനിന്നതില്‍ സഅദുമുണ്ടായിരുന്നു. നബി തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സഅദ് ശത്രുക്കള്‍ക്ക് നേരെ തുരുതുരാ അമ്പെയ്തുകൊണ്ടിരുന്നു. അമ്പെയ്ത്തില്‍ അഗ്രഗണ്യനായിരുന്ന സഅദിന്റെ ലക്ഷ്യത്തിന് മുന്നില്‍ ഓരോരോ ശത്രുക്കളായികൊണ്ട് നിലംപതിച്ചു.
മരണാസന്നനായിരിക്കെ ഉമര്‍ (റ) ആറ് പേരെ നിര്‍ദേശിക്കുകയും തന്റെ പിന്‍ഗാമിയായ ഖലീഫയെ ഈ ആറ് പേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനും ഒസ്യത്ത് ചെയ്തു. ഈ ആറ് പേരില്‍ ഒരാള്‍ സഅദ് (റ) ആയിരുന്നു. ഉമറി(റ)ന്റെ മരണശേഷവും സഅദ് ഒരുപാട് കാലം ജീവിച്ചു. ഖലീഫ അലി(റ)യുടെ കാലത്തെ ആഭ്യന്തര കുഴപ്പങ്ങളില്‍ ഇടപെടാതെ മാറിനിന്നു. പരസ്പരം പോരടിക്കുന്ന കക്ഷികള്‍ രണ്ടും സത്യവിശ്വാസികളായതിനാല്‍ കലാപങ്ങളുടെ വിവരങ്ങള്‍ അറിയുന്നത് പോലും ആ അചഞ്ചലനായ വിശ്വാസി ഇഷ്ടപ്പെട്ടിരുന്നില്ല.