നറുമണ സ്നേഹത്തിൻറെ അത്തർബസാർ

96
0

ക്യാമ്പസിൽ എന്റെ ഒരു സുഹൃത്ത് മുനീറുണ്ട്. എല്ലായ്പോഴും നന്നായി സുഗന്ധം പൂശി നടക്കുന്ന ഒരുത്തൻ. വെറുതെ സംസാരിച്ചിരിക്കുമ്പോൾ,അകലെ നിന്നുമൊഴുകി വരുന്ന സുഗന്ധം തിരിച്ചറിഞ്ഞ കുട്ടികളാരെങ്കിലും പറയും. മുനീർ ഈ ഭാഗത്ത് എവിടെയോ ഉണ്ട്, ഉറപ്പാണ്. അഞ്ച് മിനുട്ടിനുള്ളിൽ ഞങ്ങളുടെ മുന്നിലൂടെ ബൈക്കിൽ കടന്ന് പോകുന്ന മുനീറിനെ കണ്ട് ഞാനങ്ങനെ വായും പൊളിച്ച് അൽഭുതപ്പെട്ട് നിൽക്കും. എത്ര കൃത്യമാണ് ഇവരുടെ കണക്കുകൂട്ടൽ!

ചില സൗഹ്യദസുഗന്ധങ്ങൾ നമ്മുടെ മുനീറിനെപ്പോലെയാണ്. അവർ മുന്നിലെത്തിപ്പെടും മുമ്പേ തന്നെ അവരുടെ സാന്നിധ്യം ഒരു കുളിർത്തെന്നലായി പറന്നു വരും. വിട പറഞ്ഞു പോയാലും ആ സുഗന്ധം നമുക്ക് ചുറ്റുമുള്ള കാറ്റിലങ്ങനെ കുറേ നേരത്തേക്ക് തത്തിക്കളിക്കും…

ഒരു മനുഷ്യനെയും മറ്റൊരു മനുഷ്യന് നൽകാനായി ഒരു സുഗന്ധം കൈയിൽ ഏൽപിച്ചു കൊടുക്കാതെ പടച്ചോൻ ഭൂമിയിലേക്ക് പറഞ്ഞ് വിട്ടിട്ടില്ലല്ലോ. ഒരു അണു പുഞ്ചിരിയുടെ രൂപത്തിലെങ്കിലും അത് നമ്മളിലുണ്ട്. അത് കണ്ടെത്തണം. ചെറുചിരികളുടെയും കൈത്താങ്ങുകളുടെയും മുതൽമുടക്കിൽ സ്നേഹത്തിന്റെ സുഗന്ധമായി ആവോളം ലാഭം കൊയ്യണം.

സുഗന്ധവും സൗഹൃദവും തമ്മിൽ എന്തൊരു ചേർച്ചയാണല്ലേ? ഈയൊരു ചേർച്ചയെക്കുറിച്ച് പണ്ട് പണ്ടെ പറഞ്ഞ് തന്നത് നമ്മുടെ പ്രവാചകനാണ്. അത് കൊണ്ടാണല്ലോ മുഹമ്മദ് നബി(സ) നല്ലൊരു സുഹൃത്തിനെ ഒരു സുഗന്ധ വ്യാപാരിയോട് ഉപമിച്ചത്. അയാളിൽ നിന്ന് നമ്മൾ സുഗന്ധം വാങ്ങിയില്ലെങ്കിൽ പോലും അയാളിൽ നിന്ന് ഉയരുന്ന സുഗന്ധം നമ്മെ പ്രസന്ന ചിത്തരാക്കും എന്നാണ് തിരുനബി തിരിച്ചറിഞ്ഞത്.

ഒരു കൗതുകത്തിന് നമുക്ക് ഇങ്ങനെയും ആലോചിച്ച് കൂടെ? നമ്മുടെ ചുറ്റുവട്ടത്തിലെ എല്ലാ നല്ല മനുഷ്യരും ഒരു സുപ്രഭാതത്തിൽ നല്ല സുഹൃത്തുക്കളായി മാറിയാലോ ? ഒരുപാട് സുഗന്ധങ്ങൾ ഒഴുകിപ്പരക്കുന്നൊരു അത്തർബസാറായി അത് മാറില്ലേ?

സ്നേഹത്തിൻറെ അത്തർബസാർ സങ്കൽപം അതിമനോഹരമാണ്.ഏറ്റവും നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ആൾക്ക് നല്ലൊരു അത്തർ ബസാറിൽ പോയ ഫീലായിരിക്കും ലഭിക്കുക.

നാനാഭാഗത്തു നിന്നും വിവിധ അത്തറുകൾ പലജാതി സുഗന്ധം വീശി മനുഷ്യരെ ഉന്മേഷഭരിതരാക്കുന്നു. ഉല്ലാസഭരിതരായി ആളുകൾ ചിരിച്ച് കൊണ്ട് കൈയും വീശി സുഗന്ധത്തെരുവിലൂടെ കഥ പറഞ്ഞു നടക്കുന്നു. ഓരോ മധുരഗന്ധത്തിന്റെയും ഉറവിടം തേടി അവർ മുന്നിലുള്ള അത്തർകുപ്പികളിൽ മുത്തി നോക്കുന്നു. പനിനീരും ചന്ദനവും ഒലീവുമടങ്ങിയ ശുദ്ധമായ സുഗന്ധങ്ങൾ അവരുടെ ഗന്ധഗ്രാഹികളിൽ ആവാഹിക്കപ്പെട്ട് മറ്റൊരു മിസ്റ്റിക് ലോകത്തേക്ക് നയിക്കുന്നു. ഹാ… എങ്ങും സുഗന്ധം.. എന്തൊരു നൈർമല്യം… നറുമണങ്ങളുടെ അത്തർബസാറിലേക്കുള്ള സഞ്ചാരം പോലും സ്വാഭാവികമായും അതീവസുഖമുള്ള ഒരൊഴുക്കായി മാറുന്നു…

പക്ഷെ സ്നേഹത്തിൻറെ ഈ അത്തർബസാറിനൊരു പ്രത്യേകതയുണ്ട്. നിങ്ങൾക്കീ ബസാറിൽ പണം കൊടുത്താൽ അത്തർ ലഭിക്കുകയില്ല. പകരം നിങ്ങളുടെ കയ്യിലുള്ള ഒരു സുഗന്ധം നൽകിയാൽ മറ്റൊരു സുഗന്ധം പകരം വാങ്ങിക്കാം. എല്ലാ വിൽപ്പനക്കാരും ഉപഭോക്താക്കളും, എല്ലാ ഉപഭോക്താക്കളും വിൽപനക്കാരുമായിരിക്കണമെന്ന വ്യവസ്ഥ അത്തർബസാറിന്റെ ഗന്ധത്തെ നില നിർത്തുന്നു. ഒരു സുഗന്ധവും കയ്യിലില്ലാത്തവനോ..? ഇല്ല, ഒരു മനുഷ്യനെയും മറ്റൊരു മനുഷ്യന് നൽകാനായി ഒരു സുഗന്ധം കൈയിൽ ഏൽപിച്ചു കൊടുക്കാതെ പടച്ചോൻ ഭൂമിയിലേക്ക് പറഞ്ഞ് വിട്ടിട്ടില്ലല്ലോ. ഒരു അണു പുഞ്ചിരിയുടെ രൂപത്തിലെങ്കിലും അത് നമ്മളിലുണ്ട്. അത് കണ്ടെത്തണം. ചെറുചിരികളുടെയും കൈത്താങ്ങുകളുടെയും മുതൽമുടക്കിൽ സ്നേഹത്തിന്റെ സുഗന്ധമായി ആവോളം ലാഭം കൊയ്യണം.

പക്ഷെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. അത്തർബസാറിലെ നമ്മുടെ കച്ചവടം ലാഭത്തിലോടാൻ ഇടയ്ക്ക് ചില ആത്മപരിശോധനകൾ അനിവാര്യമാണ്.

നമ്മുടെ സൗഹൃദം നമുക്ക് എന്തൊക്കെ നേടിത്തരുന്നുണ്ട്? അത് നമുക്ക് എത്ര മാത്രം ഗുണമുളളതാണ്? അവനെ/അവളെ പരിചയപ്പെട്ട ശേഷം നമ്മുടെ ചിന്തയിലും ജീവിതശൈലിയിലും ഏതൊക്കെ  സുഗന്ധങ്ങളാണ് പുതുതായി നിറഞ്ഞിട്ടുള്ളത്? നമ്മൾ രണ്ടു പേർക്കിടയിലെ സൗരഭ്യം മൂന്നാമതൊരാളിലേക്കോ പുറംലോകത്തിലേക്കോ  എത്രമാത്രം ഒഴുകിപ്പരന്നിട്ടുണ്ട് ? ഈ രണ്ട് ചോദ്യങ്ങൾക്കും തരക്കേടില്ലാത്ത ഉത്തരം കിട്ടിയാൽ നമ്മൾക്ക് മനസ്സിലാക്കാം, നമ്മുടെ അത്തർ കച്ചവടം  അത്യാവശ്യം ലാഭത്തിലോടുന്നുണ്ട്. ആത്മപരിശോധനയുടെ മറുപടി അത്ര തൃപതികരമല്ലെങ്കിൽ വലിയ ദുർഗന്ധം വരും മുമ്പ് നിലവാരമില്ലാത്ത അത്തർകുപ്പികൾ എറിഞ്ഞു കളയേണ്ടതുണ്ട്.

നല്ലൊരു അത്തറിന്റെ ഏറ്റവും ഗുണമുള്ള ചേരുവ എന്താണ് ? സന്ദർഭങ്ങൾക്കും ഉപാധികൾക്കും അതീതമായി ശാശ്വതമായി നില കൊള്ളുന്ന ആത്മാർത്ഥതയും വിശ്വാസ്യതയും സ്നേഹവുമാണ് അവ. ‘ഏതാപത്തിലും ഞാനുണ്ട് കൂടെ’ എന്ന വാക്കു മാത്രമല്ല, തനിക്ക് ലഭിച്ചത്രയോ അതിൽക്കൂടുതലോ നന്മ നിനക്ക് ലഭിക്കണേ എന്ന പ്രാർത്ഥന കൂടി അതിൽ ചേരുമ്പോൾ അത്തറിന് സുഗന്ധം കൂടും.

സുഗന്ധക്കൈമാറ്റങ്ങളിലൂടെ പരസ്പരം ഒരു പൂങ്കാവനം തന്നെ നനച്ചുണ്ടാക്കിയ, ദുനിയാവിലെ ഏറ്റവും നല്ല രണ്ട് ചങ്ങാതിമാരുടെ ഒരു കഥ പറയാം. മറ്റാരുമല്ല,തിരുദൂതർ മുഹമ്മദ് നബി(സ)യും പ്രിയപ്പെട്ട ഖലീഫ അബൂബകർ (റ) വുമാണ്. മക്കയിൽ, മദീനയിൽ, വിശപ്പിൽ, ദാഹത്തിൽ ഇത്ര മാത്രം നബിയ്ക്ക് കൂട്ടിരുന്ന മറ്റൊരു കൂട്ടുകാരൻ ചരിത്രത്തിലുണ്ടോ? ബദർയുദ്ധം നടക്കുന്ന സമയം. അരക്ഷിതമായ നേരങ്ങളിൽ പടച്ചവന് മുന്നിൽ മുട്ടു കുത്തിയിരുന്ന മുഹമ്മദ് നബിയ്ക്ക് പിറകിൽ സ്വന്തം ജീവൻ വരെ ബലി നൽകാൻ തയ്യാറായി നിന്ന ഒരാൾ കാവലിനുണ്ടായിരുന്നു. സാക്ഷാൽ അബൂബക്കർ(റ). തലയെടുക്കാൻ ശത്രുക്കൾ നാലുപാടും പരക്കം പായുമ്പോൾ സൗർ ഗുഹയിലൊളിയ്ക്കുന്ന നബിയ്ക്ക് കൂട്ടിനുണ്ടായിരുന്നതും അബൂബക്കർ(റ) തന്നെ! പിന്നെ… എല്ലാത്തിനും മുകളിൽ എല്ലാ കാലത്തും രക്ഷാകർത്താവായി കരുണാമയനായ പടച്ചവനും! ജീവിതത്തിൽ മണമുള്ള അത്തർ നൽകാൻ എല്ലാവർക്കും എല്ലായ്പോഴും തൊട്ടടുത്ത് നല്ല ഒരു മനുഷ്യനെ കിട്ടിയില്ലെന്ന് വരാം. പക്ഷെ അതിനേക്കാളൊക്കെ എത്രയോ അടുത്ത് വറ്റിപ്പോവാത്ത സ്വർഗീയമായ സൗരഭ്യവുമായി മറ്റൊരാൾ നമ്മുടെ വിളിയും കാത്ത് കൂടെത്തന്നെ ഇരിക്കുന്നുണ്ട്. സ്നേഹത്തോടെ വെറുതെ ഒന്ന് വിളിച്ച് നോക്കൂ ‘എൻറെ പടച്ചോനേ…!’

ഭൂമിയുടെ നാലുദിക്കുകളിലുമുള്ള നറുഗന്ധത്തിന്റെ അത്തർബസാറുകളിൽ പുഞ്ചിരികൾ വിരിയട്ടെ, പടച്ചോന്റെ കാരുണ്യം മധുരസുഗന്ധമായി മനസ്സിൽ ചെയ്തിറങ്ങട്ടെ. വരണ്ട മണ്ണും മനവും നനയട്ടെ.

സ്നേഹസൗഹൃദങ്ങളുടെ ഈദുൽ ഫിത്വർ ആശംസകൾ..

Leave a Reply

Your email address will not be published. Required fields are marked *