നമ്മള്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നവരാണ്. വ്യത്യസ്തകളും വൈവിധ്യങ്ങളും നിറഞ്ഞ സാമൂഹ്യ സാഹചര്യം നമ്മുടെ അഭിമാനമായി പറഞ്ഞിരുന്നവര്‍. സമൂഹത്തിലെ വിവിധ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നവര്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നവര്‍.
ബഹുസ്വര സമൂഹത്തില്‍ ഒരു വിശ്വാസിയുടെ സഹവര്‍ത്തിത്വം എങ്ങനെയാവണമെന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിച്ചു തരുന്നുണ്ട്. ഇതര സമുദായത്തിലെ സഹോദരങ്ങള്‍ക്ക് നന്മ ചെയ്യാനും അവരോട് നീതി പാലിക്കാനുമുള്ളതാണ് ഈ പാഠങ്ങളില്‍ പ്രധാനം. വിശ്വാസി ഒരിക്കലും മറ്റു മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ ചീത്ത വിളിക്കാനോ അപമാനിക്കാനോ പാടില്ല എന്ന നിര്‍ദേശവും ഖുര്‍ആനിക വചനമാണ്. ”അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്” (ഖുര്‍ആന്‍ 6:108).
പ്രാമാണികമായ ഈ കല്‍പനകള്‍ക്ക് ജീവിതം കൊണ്ട് പ്രവാചകന്‍ മാതൃക കാണിച്ചു തന്നത് ചരിത്രത്തില്‍ നമുക്ക് വായിക്കാനാവും. നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ പോലെ വൈവിധ്യങ്ങള്‍ ചേര്‍ന്നതായിരുന്നു പ്രവാചകന്‍ ജീവിച്ചിരുന്ന സമൂഹവും. ബഹുദൈവവിശ്വാസികള്‍, ജൂതന്മാര്‍, ക്രിസ്തു മതക്കാര്‍, അഗ്നിയാരാധകര്‍ തുടങ്ങിയവരെല്ലാവരും ആ സമൂഹത്തിലുണ്ടായിരുന്നു. അവര്‍ക്കിടയില്‍ പ്രവാചകന്‍ എങ്ങനെ ജീവിച്ചു എന്നുള്ളത് നമുക്കുള്ള പാഠമാണ്. പ്രവാചക ചരിത്രത്തിലെ ചില സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഇവിടെ സംഗ്രഹിക്കാം.
പ്രവാചകന്റെ കുടുംബത്തിലും ബന്ധങ്ങളിലുമെല്ലാം ഇസ്‌ലാം മത വിശ്വാസികളല്ലാത്തവരുണ്ടായിരുന്നു. ഇവരോടെല്ലാം ഏറ്റവും നല്ല രീതിയില്‍ ഇടപെടുകയാണ് പ്രവാചകന്‍ ചെയ്തത്. മൂത്താപ്പയായിരുന്ന അബൂ ത്വാലിബിനോട് പ്രവാചകനുണ്ടായിരുന്ന ബന്ധം എത്ര ആഴത്തിലായിരുന്നു എന്നത് നമുക്ക് സുപരിചിതമാണ്. അവിശ്വാസിയായ തന്റെ മാതാവിനോട് എങ്ങനെ പെരുമാറണമെന്ന് അസ്മാഅ്(റ) പ്രവാചകനോട് ചോദിക്കുമ്പോള്‍ ”ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുക” (ഖുര്‍ആന്‍ 31:15) എന്ന ഇത് സംബന്ധിച്ച ഖുര്‍ആനിക വചനമാണ് മറുപടിയായി പ്രവാചകന്‍ നല്കുന്നത്. പ്രവാചകന്റെ ഭൃത്യന്മാരിലൊരാള്‍ ജൂതനായ ഒരു ബാലനായിരുന്നു. ആ ബാലന്‍ രോഗബാധിതനായി പ്രവാചകനടുക്കല്‍ വരാന്‍ പറ്റാതായി. ഇതറിഞ്ഞ നബി(സ്വ) അവനെ സന്ദര്‍ശിക്കുകയും രോഗശമനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു (ബുഖാരി 1356).
‘ജൂതന്റെ മയ്യിത്തല്ലേ പ്രവാചകരേ അങ്ങ് എന്തിനാണ് എഴുന്നേറ്റു നിന്നത്” എന്ന് അനുചരര്‍ ചോദിക്കുമ്പോള്‍ ”അയാള്‍ മനുഷ്യനല്ലേ?” എന്നാണ് മാനവികതയുടെ മകുടോദാഹരണമായ നബി(സ്വ) മറുപടി നല്‍കുന്നത്.
മദീനയിലേക്ക് ഹിജ്‌റ പോവുന്ന സമയം പ്രവാചകന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. തലയ്ക്ക് ശത്രുക്കള്‍ ആയിരം ഒട്ടകം ഇനാം പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഘട്ടത്തിലും മദീനയിലേക്കുള്ള വഴികാട്ടിയായി പ്രവാചകന്‍ സ്വീകരിക്കുന്നത് അബ്ദുല്ലാഹിബ്‌നു ഉറൈക്വിത് എന്ന വിശ്വാസിയല്ലാത്ത ഒരു മനുഷ്യനെയാണ്. അയാളുടെ വിശ്വാസ്യതയെ പ്രവാചകന്‍ അംഗീകരിച്ചു എന്നതാണ് ചരിത്രം.
മദീന മുഴുവന്‍ നബി(സ്വ)യ്ക്ക് കീഴൊതുങ്ങിയ നിലയിലാണ് മുഹമ്മദ് നബി മദീനയിലെത്തുന്നത്. ആ സമയത്ത് മദീനയില്‍ ജൂതന്മാര്‍ താമസിക്കുന്നുണ്ട്. അവരെ മദീനയില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് വേണമെങ്കില്‍ പ്രവാചകന് ചിന്തിക്കാമായിരുന്നു. എന്നാല്‍ ശത്രുക്കളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്ത് അവരുമായി കരാറിലേര്‍പ്പെടുകയാണ് നബി ചെയ്യുന്നത്.
നന്മകള്‍ അത് ആരു ചെയ്താലും അവ അംഗീകരിക്കാനും അതിനോട് സഹകരിക്കാനുമുള്ള സാമൂഹ്യ പാഠമാണ് പ്രവാചകന്‍ നമുക്ക് കൈമാറിയിട്ടുള്ളത്. ജാഹിലിയ്യാ കവിയായിരുന്ന ലബീദ് ബ്‌നു റബീഅയുടെ കവിത ഒരിക്കല്‍ പ്രവാചകന്‍ കേള്‍ക്കാനിടയായി. കവിതയുടെ അര്‍ഥ തലങ്ങളിലെ സത്യം മനസ്സിലാക്കി കവിയെ അഭിനന്ദിച്ചു കൊണ്ട് നബി(സ്വ) പറഞ്ഞു ”കവി പറഞ്ഞതെത്ര സത്യം”.
സമൂഹികമായ മറ്റു ഇടപെടലുകളിലും പ്രവാചക മാതൃക ദര്‍ശിക്കാനാവും. ഖൈബറില്‍ വെച്ച് യഹൂദ സ്ത്രീയായ സൈനബ് ബിന്‍ത് ഹാരിസ് പ്രവാചകനെ അവരുടെ വീട്ടിലേക്ക് സത്കാരത്തിനായി ക്ഷണിച്ചു.യാതൊരു തടസ്സങ്ങളും പറയാതെ നബി(സ്വ) ആ ക്ഷണം സ്വീകരിക്കുകയും അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.

ഇതര സമുദായങ്ങളുടെ ഭൗതികമായ സംവിധാനങ്ങളെയും സൗകര്യങ്ങളെയും കണ്ടുപിടുത്തങ്ങളെയുമെല്ലാം നബി(സ്വ) ആശ്രയിച്ചിരുന്നു. മനുഷ്യനെന്ന നിലയ്ക്ക് ഈ ആശ്രയത്വമില്ലാതെ ജീവിക്കാന്‍ സാധ്യമല്ലല്ലോ. എന്നാലും ഇവിടെ എടുത്തു സൂചിപ്പിക്കാന്‍ കാരണം ഇത്തരം ആശ്രയങ്ങള്‍ക്ക് മതം തടസ്സമാവുന്നില്ല എന്നു പറയാനാണ്. ഖന്തക്ക് യുദ്ധത്തില്‍ പേര്‍ഷ്യക്കാരുടെ യുദ്ധ തന്ത്രമായ കിടങ്ങു കുഴിക്കുക എന്നതായിരുന്നു പ്രവാചകന്‍ അവലംബിച്ചത്. അതേ രൂപത്തില്‍ അവരുടെ തന്നെ നാണയ വ്യവസ്ഥാ സമ്പ്രദായത്തെ പ്രവാചകന്‍ അംഗീകരിച്ചു. ഈജിപ്തിലെ മുഖൗഖിസ് രാജാവ് പ്രവാചകനു വേണ്ടി ചില സമ്മാനങ്ങള്‍ കൊടുത്തയച്ചു. അത് യാതൊരു വൈമനസ്സ്യവും കൂടാതെ നബി (സ്വ) സ്വീകരിച്ചിരുന്നു. യമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു അന്ന് മദീന പോലുള്ള സ്ഥലങ്ങളിലേക്ക് വസ്ത്രങ്ങള്‍ എത്തിയിരുന്നത്. അത് ആരു നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ എന്നന്വേഷിച്ചായിരുന്നില്ല നബി(സ്വ) അത് ധരിച്ചിരുന്നത്.
ജൂതന്റെ മയ്യിത്ത് കൊണ്ടു പോവുന്നത് കണ്ട പ്രവാചകന്‍ എഴുന്നേറ്റു നിന്ന സംഭവം ഏറെ പ്രശസ്തമാണ്. ”ജൂതന്റെ മയ്യിത്തല്ലേ പ്രവാചകരേ അങ്ങ് എന്തിനാണ് എഴുന്നേറ്റു നിന്നത്” എന്ന് അനുചരര്‍ ചോദിക്കുമ്പോള്‍ ”അയാള്‍ മനുഷ്യനല്ലേ?” എന്നാണ് മാനവികതയുടെ മകുടോദാഹരണമായ നബി(സ്വ) മറുപടി നല്‍കുന്നത്.
തന്റെ അവസാന ശ്വാസം വരെ ഈ സഹവര്‍ത്തിത്വ മാതൃകയും മാനവികതയും പ്രവാചകന്റെ മുദ്രയായി കൂടയുണ്ടായിരുന്നു. മക്കയടക്കം ഇസ്‌ലാമിനു കീഴിലായതിനു ശേഷമാണ് നബി (സ്വ) മരണപ്പെടുന്നത്. ആ സമയം ലക്ഷക്കണക്കിന് അനുചരന്മാര്‍ പ്രവാചകനുണ്ടാവണം. നബി എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അത് സഫലീകരിച്ചു കൊടുക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നവരാണവര്‍. എന്നിട്ടും അവസാന നാളുകളില്‍ അയല്‍വാസിയായ ഒരു ജൂതനടുക്കല്‍ തന്റെ പടയങ്കി പ്രവാചകന്‍ പണയപ്പെടുത്തിയത് സഹവര്‍ത്തിത്വ പാഠങ്ങള്‍ കൈമാറാനല്ലാതെ പിന്നെന്തിനാണ്?